ഇന്ന് ദേശീയ അധ്യാപക ദിനം

Anas Nadubail
0





 ഇന്ന് ഭാരതത്തില്‍ അധ്യാപക ദിനം ആഘോഷിക്കുകയാണല്ലോ. പ്രിയപ്പെട്ട കുട്ടികളേ, ഓണാവധി ആയതിനാല്‍ നിങ്ങളുടെ അധ്യാപകര്‍ക്ക് നേരിട്ട് ആശംസകള്‍ നേരാനുള്ള ഒരു അവസരം നഷ്ടമായിപ്പോയല്ലേ. വിഷമിക്കേണ്ട, ലോക അധ്യാപകദിനം ഒക്ടോബര്‍ 5 ആണെന്ന് അറിയാമല്ലോ. അന്നേ ദിവസം നമുക്ക് ഈ കടം വീട്ടാം കേട്ടോ. വേണമെങ്കില്‍ നിങ്ങളുടെ അധ്യാപകര്‍ക്ക് ആശംസകള്‍ നേരാന്‍ ബ്ലോഗിലെ ഈ പോസ്റ്റിനു താഴെയുള്ള Comments ഉപയോഗിക്കാവുന്നതേയുള്ളു.

എന്തായാലും, മാത്​സ് ബ്ലോഗ് ടീമിന്റെ പേരില്‍ എല്ലാവ


ര്‍ക്കും ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകള്‍…. ഇത് ഒരു ജോലി മാത്രമായി കാണാത്തവരാണ് നമ്മളില്‍ ഭൂരിഭാഗവും എന്നു ധൈര്യമായി തന്നെ പറയാം. അതു കൊണ്ടു തന്നെയാണല്ലോ പരസ്പരം സഹായിക്കുക എന്ന ലക്ഷ്യത്തോടെ പരസ്പരം അറിവുകള്‍ പങ്കുവെക്കാന്‍ നമ്മളോരോരുത്തരും ശ്രമിച്ചു കൊണ്ടിരിക്കുന്നതും. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു..


അധ്യാപക ദിനം സെപ്റ്റംബര്‍ 5 ആയി ആഘോഷിക്കുന്നതിന് പിന്നില്‍ വല്ല കഥയുമുണ്ടോ? ഉണ്ട്. 1962 ല്‍ ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍​ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.


“നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.


ഇന്‍ഡ്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു എസ്.രാധാകൃഷ്ണന്‍ എന്ന സര്‍​വ്വേപ്പള്ളി രാധാകൃഷ്ണന്‍. മദ്രാസിന് 64 കിലോമീറ്റര്‍ വടക്ക് കിഴക്ക് ഭാഗത്തുള്ള അന്ധ്രാപ്രദേശിലെ തിരുത്താണി ഗ്രാമത്തില്‍ 1888 സെപ്റ്റംബര്‍ 5 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. തെലുങ്ക് മാതൃഭാഷയായിരുന്നു. തിരുത്തണി, തിരുവള്ളൂര്‍, തിരുപ്പതി, മദ്രാസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇന്‍ഡ്യയിലും വിദേശത്തുമുള്ള നിരവധി സര്‍വ്വകലാശാലകളില്‍ അധ്യാപകനാകാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1914 ല്‍ ഗണിതശാസ്ത്രജ്ഞരില്‍ അഗ്രഗണ്യനായ ശ്രീനിവാസ രാമാനുജന്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കേംബ്രിഡ്ജ് സന്ദര്‍ശനത്തിന് മുമ്പായി സ്വപ്നത്തില്‍ കണ്ടപ്രകാരം ഡോ.എസ്.രാധാകൃഷ്ണനെ സന്ദര്‍ശിക്കുകയുണ്ടായി. പിന്നീടൊരിക്കലും അവര്‍ക്ക് തമ്മില്‍ കാണാന്‍ അവസരം ലഭിച്ചതുമില്ല. 1921 ല്‍ കല്‍ക്കട്ട യൂണിവേഴ്സിറ്റിയിലെ തത്വശാസ്ത്ര വിഭാഗത്തില്‍ നിയമനം ലഭിച്ചതോടെ ചിന്തകന്‍ എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ആന്ധ്ര സര്‍വ്വകലാശാല, ബനാറസ് സര്‍വ്വകലാശാല, ഡല്‍ഹി സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുനെസ്കോ ചെയര്‍മാന്‍, സോവിയറ്റ് യൂണിയനിലെ ഇന്‍ഡ്യന്‍ സ്ഥാനപതി, ഇന്‍ഡ്യയുടെ ആദ്യ ഉപരാഷ്ട്രപതി (1952 മെയ് 13), രാഷ്ട്രപതി (1962 മെയ് 13 മുതല്‍ 1967 മെയ് 13 വരെ) എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു. 1952 മെയ് 13 ന് രാജ്യസഭയുടെ ആദ്യസമ്മേളനം അദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ചേര്‍ന്നത്. മുപ്പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. ശിവകാമുവായായിരുന്നു ഭാര്യ. അഞ്ച് പുത്രിമാരും ഒരു പുത്രനും ഉണ്ടായിരുന്നു. 1954 ല്‍ ഭാരതരത്നം ബഹുമതി ലഭിച്ചു. 1975 ഏപ്രില്‍ 17 ന് അദ്ദേഹം അന്തരിച്ചു.

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top

Join our Whatsapp channel for Updates Click to Follow